രോഷത്തോടെ പ്രതികരിക്കുന്നവർ; സഭാ നവീകരണം ലക്ഷ്യമാക്കുന്നവർ; ഒറ്റപ്പെട്ടുപോയവരുടെ ശബ്ദമാകുന്നവർ

വ്യാഴാഴ്‌ച

കൊച്ചുത്രേസ്യായുടെ ആത്മകഥയിൽ നിന്ന്

ആത്മീയ ശിശുത്വത്തിന്റെ വഴി

“എന്റെ അമ്മേ, ഞാൻ ഈ എഴുതുന്നതു വായിക്കുമ്പോൾ, പരസ്നേഹത്തിന്റെ പ്രായോഗികമായ അഭ്യസനത്തിൽ എനിക്കു വിഷമമൊന്നുമില്ലെന്നു അങ്ങേയ്ക്കു തോന്നിയേക്കാം. സുഭഗമായ ഈ പുണ്യത്തിന്റെ പരിശീലനത്തിന്‌ ഏതാനും മാസമായിട്ട്‌ മുമ്പത്തേപ്പോലെ സമരം ചെയ്യേണ്ട ആവശ്യം ഇല്ലെന്നായിട്ടുണ്ട്‌ എന്നതു വാസ്തവംതന്നെയാണ്‌.................ഒരു നിർദ്ദിഷ്ട സമരത്തിൽ ഞാൻ വിജയം പ്രാപിച്ചതാണ്‌ അതിനു കാരണം................ആ സമരത്തിന്റെ ചരിത്രം  വിവരിക്കാൻ ശ്രമിക്കാം: നമ്മുടെ മഠത്തിൽ ഒരു സഹോദരിയുണ്ട്‌; സകല കാര്യങ്ങളിലും എന്നെ വെറുപ്പിക്കാൻ അവൾക്കൊരു പ്രത്യേക ചാതുര്യമുണ്ട്‌. അവളുടെ സംസാരവും പെരുമാറ്റവും സ്വഭാവവിശേഷവുമെല്ലാം എനിക്കു വളരെ അതൃപ്തികരമായിരുന്നു. അതേ സമയം, അവളൊരു പുണ്യാത്മാവായിരുന്നതിനാൽ, നല്ല ദൈവത്തിനു വളരെ പ്രീതിയുള്ളവളായിരുന്നിരിക്കണം. തന്മൂലം എനിക്കു സ്വാഭാവികമായി തോന്നിയിരുന്ന വെറുപ്പിനു വശംവദയാകാതെ, സ്നേഹം കേവലം വൈകാരികമായിരുന്നാൽ പോര, പ്രാവർത്തികംതന്നെ ആയിരിക്കണം എന്നു ഞാൻ തീരുമാനിച്ചു. അതനുസരിച്ച്‌ ആ സഹോദരിക്കുവേണ്ടി, ഏറ്റവും പ്രിയപ്പെട്ട ആൾക്കുവേണ്ടി ചെയ്യുന്നതെല്ലാം ചെയ്യാൻ ഞാൻ ഉൽസാഹിച്ചുതുടങ്ങി. അവളെ കണ്ടുമുട്ടിയ സന്ദർഭങ്ങളിലെല്ലാം അവളുടെ പുണ്യങ്ങളും യ്യോഗ്യതകളും നല്ല ദൈവത്തിനു സമർപ്പിച്ചുകൊണ്ട്‌ അവൾക്കു വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു. യേശുവിനതു പ്രസാദകരമായിരിക്കുമെന്ന്‌ എനിക്കു തോന്നി; കാരണം, സ്വന്തം കരകൗശലത്തിനു പ്രശംസ ലഭിക്കുന്നത്‌ ഏതൊരു കലാകാരനും ഇഷ്ടമാണല്ലോ. തദനുസാരം, ആത്മാക്കളിൽ പുറമേ കണുന്നതിൽ ശ്രദ്ധയുറപ്പിക്കാതെ, അവരുടെയുള്ളിൽ യേശു തന്റെ അധിവാസസ്ഥാനമായി സ്വീകരിച്ചിരിക്കുന്ന പവിത്രവേദിയിൽ പ്രവേശിച്ച്‌ അവിടെയുള്ള അലങ്കാരങ്ങളെ ആസ്വദിക്കുന്നത്‌ അവയുടെ ശില്‌പിയായ അവിടുത്തേക്ക്‌ അത്യന്തം പ്രീതികരമാണ്‌. എനിക്ക്‌ അനേകം സമരങ്ങൾക്കു കാരണമാക്കിയ ആ സഹോദരിക്കുവേണ്ടി വളരെയധികം പ്രാർത്ഥിക്കുന്നതുകൊണ്ടുമാത്രം ഞാൻ തൃപ്തിപ്പെട്ടില്ല; പാടുള്ള എല്ലാ സഹായങ്ങളും അവൾക്കു ചെയ്തുകൊടുക്കനും ഞാൻ ശ്രമിച്ചിരുന്നു. പ്രകോപനപരമായ ഒരു പ്രത്യുത്തരം അവൾക്ക് നല്കുവാൻ എനിക്ക് പരീക്ഷയുണ്ടാകുമ്പോൾ, അത്യന്തം സൗമ്യമായ ഒരു പുഞ്ചിരി അവളുടെ നേർക്കയച്ചുകൊണ്ട് ഞാൻ തൃപ്തിയടയുകയും വിഷയം മാറ്റാൻ ശ്രമിക്കയും ചെയ്യും. മറ്റുള്ളവരോട് എതിർവാദം ചെയ്യുന്നതിനേക്കാൾ ഓരോരുത്തരേയും അവരവരുടെ ചിന്താഗതിക്കു വിട്ടേക്കുകയാണ്‌ നന്നെന്ന് ക്രിസ്ത്വനുകരണത്തിൽ പറഞ്ഞിട്ടുണ്ടല്ലോ (ക്രിസ്ത്വനുകരണം :3, 44:1)
ഉല്ലാസസമയത്തിനു പുറമേയും (ജോലി സമയമാണ്‌ ഞാനുദ്ദേശിക്കുന്നത്) ആ സഹോദരിയുമൊന്നിച്ച് ഓരോ ജോലികൾ ചെയ്യേണ്ടിവന്ന മിക്ക അവസരങ്ങളിലും എന്റെ ആന്തരിക സമരം അത്യന്തം രൂക്ഷമായി വന്നപ്പോളൊക്കെയും ഞാനൊരു സേനാത്യാഗിയെപ്പോലെ തിരിഞ്ഞോടുകയാണു ചെയ്തിട്ടുള്ളത്. അവളുടെ നേർക്കുള്ള എന്റെ മനോഭാവം അവൾക്കു തീരെ അജ്ഞാതമായിരുന്നതിനാൽ എന്റെ പെരുമാറ്റത്തിന്റെ കാരണത്തെകുറിച്ച് അവൾക്കൊരൂഹവുമില്ലായിരുന്നു. അവളുടെ സ്വഭാവം എനിക്കു തൃപ്തികരമാണെന്ന് അവൾ വിശ്വസിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം ഉല്ലാസസമയത്ത് ആ സഹോദരി വളരെ ഹൃദ്യമായ ഭാവത്തിൽ എന്നോട് ഏതാണ്ടിങ്ങനെ ചോദിച്ചു: ‘കൊച്ചുത്രേസ്യാമ്മയ്ക്കെന്താണ്‌ എന്നോടിത്ര താല്പര്യം? എവിടെവച്ചു കണ്ടാലും എന്റെ നേർക്കൊരു പുഞ്ചിരിയുണ്ടല്ലോ; എന്താണതിന്റെ രഹസ്യം?’ ഹാ! അവളു  ആത്മാവിന്റെ ഉള്ളിൽ വസിക്കുന്ന യേശു ആയിരുന്നു ആ താല്പര്യത്തിന്റെ നിദാനം... ഏറ്റവും കയ്പ്പുള്ളതുപോലും മധുരമാക്കിപ്പകർത്തുന്ന യേശു... (ക്രിസ്ത്വനുകരണം :3, 5:3) ഞാൻ പറഞ്ഞു: അവളെ കാണുന്നത് എനിക്കു സന്തോഷമായതുകൊണ്ടാണ്‌ പുഞ്ചിരി തൂകുന്നതെന്ന്. (ആത്മീയമായ കാഴ്ച എന്നാണ്‌ ഞാൻ ഉദ്ദേശിച്ചതെന്നു പ്രത്യേകം എടുത്തു പറഞ്ഞില്ല).“

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ